സഹോദരിമാർക്ക് സഭായോഗങ്ങളിൽ പ്രാർത്ഥിക്കുവാനും, ദൈവവചനത്തിൽ നിന്ന് പങ്കുവയ്ക്കാനും ദൈവവചനം
നൽകുന്ന അവകാശത്തെ (privilege-നെ) നിഷേധിക്കുന്ന ചില പ്രിയ സഹോദരങ്ങളുമായി സംസാരിക്കുവാൻ ഈയടുത്ത് ഇടയായതിൽ നിന്ന് ഇത് കുറിക്കുവാൻ ദൈവസ്നേഹത്താൽ ഞാൻ നിർബന്ധിതനാവുകയാണ്.
1 കൊരിന്ത്യർ 11: 5-ൽ തലയിൽ മൂടുപടമിട്ടു കൊണ്ട്
സഹോദരിമാർക്ക് പ്രാർത്ഥിക്കുകയും പ്രവചിക്കുകയും ചെയ്യാമെന്ന കാര്യം സുവ്യക്തമാണെങ്കിലും, ഒന്ന് മുതൽ പതിനാറ് വരെയുള്ള
വാക്യങ്ങൾ സഭായോഗത്തെ സംബന്ധിക്കുന്ന കാര്യമല്ലെന്നും പൊതുവിലുള്ള ഒരു നിർദ്ദേശം മാത്രമാണെന്നുമാണ് ചിലരുടെ വാദം. അങ്ങനെയെങ്കിൽ അതേ ഭാഗത്ത് പ്രതിപാദിക്കുന്ന സഹോദരിമാർ പ്രാർത്ഥിക്കുമ്പോൾ
മൂടുപടമിടണമെന്നുള്ള കല്പനയും സഭായോഗത്തെ സംബന്ധിച്ചുള്ളതല്ലെന്ന് പറയേണ്ടി വരും.
അപ്പോൾ ഈ വാദമുള്ള സഹോദരങ്ങൾ സഭയിൽ സഹോദരിമാർ മൂടുപടമിടേണ്ടതില്ലെന്ന്
ഉപദേശിക്കുമോ? ഇല്ല. അപ്പോൾത്തന്നെ ഇതിലുള്ള ഇരട്ടത്താപ്പ് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും!
[ആത്മീയ വർദ്ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി (1 കൊരിന്ത്യർ 14: 3) ദൈവ വചനത്തിൻറെ
അടിസ്ഥാനത്തിൽ, ദൈവജനത്തിൻറെ ആവശ്യത്തിന്
അനുസരിച്ചു, ദൈവഹൃദയപ്രകാരം
സംസാരിക്കുന്നതാണ് പുതിയ ഉടമ്പടിയിലെ പ്രവചനം എന്ന് ഓർപ്പിച്ചു കൊള്ളട്ടെ; അല്ലാതെ ചില പെന്തക്കൊസ്തു- കരിസ്മാറ്റിക് കൂട്ടങ്ങളിൽ കാണുന്നതുപോലെ, ഭാവിയിൽ ഗൾഫിലും അമേരിക്കയിലും പോകുമെന്നും ഇന്നയാൾ കൂടോത്രം
ചെയ്തിട്ടുണ്ടെന്നുള്ളതു പോലെയുള്ള പക്ഷിശാസ്ത്രസമാനമായ “പ്രവചനങ്ങള”ല്ല].
വേറൊരു കൗതുകകരമായ, എന്നാൽ പൊള്ളയായ വാദം
എന്തെന്നാൽ ഒരു സഭായോഗത്തിൽ ഒരു സഹോദരി പ്രാർത്ഥിക്കുമ്പോൾ, ആ സമയത്ത് അവർ യോഗത്തെ നയിക്കുന്നതുപോലെയാണെന്നും അതുകൊണ്ടു അത്
അനുവദനീയമല്ലെന്നുള്ളതുമാണ്. അങ്ങനെയെങ്കിൽ ഈ വാദമുഖമുള്ള സഹോദരങ്ങൾ തങ്ങളുടെ
കുടുംബപ്രാർത്ഥനയിൽപ്പോലും സഹോദരിമാരെ പ്രാർത്ഥിക്കാൻ അനുവദിക്കാതിരിക്കേണ്ടി വരും!!! എന്തെന്നാൽ ഒരു സമയത്തും
പുരുഷൻറെമേൽ അധികാരം ചെലത്തുവാൻ സ്ത്രീയ്ക്ക് അനുവാദമില്ലല്ലോ (1 തിമോത്തിയോസ് 2: 12). അങ്ങനെ ആ വാദമുനയും
ഒടിഞ്ഞുപോയി!
1 കൊരിന്ത്യർ 14: 24-ലും 31-ലും എല്ലാവരും
(സഹോദരിമാരുൾപ്പടെ) സഭായോഗത്തിൽത്തന്നെ ഓരോരുത്തരായി പ്രവചിക്കുന്നതിനായി പൗലോസ് അപ്പൊസ്തലൻ ഉത്‍സാഹിപ്പിക്കുന്നു. അപ്പൊസ്തല പ്രവൃത്തികൾ 2: 17, 18-ൽ പുത്രന്മാരും പുത്രിമാരും
ദാസന്മാരും ദാസിമാരും പ്രവചിക്കുമെന്നും യോവേൽ പ്രവാചകനെ ഉദ്‌ധരിച്ചു സംശയലേശമെന്യേ എഴുതിയിരിക്കുന്നു.
അപ്പോൾ സ്വാഭാവികമായുള്ള അടുത്ത ചോദ്യം 1 കൊരിന്ത്യർ 14: 34, 35-ൽ സ്ത്രീകൾ സഭയിൽ മിണ്ടാതെയിരിക്കട്ടെയെന്നും സംസാരിക്കുന്നത് അനുചിതമാണെന്നും എന്തുകൊണ്ട്
പറഞ്ഞിരിക്കുന്നു എന്ന പ്രസക്തമായ ചോദ്യമാണ്. പരിശുദ്ധാത്മാവിനാൽ പ്രേരിതനായി (2 തിമോത്തിയോസ് 3: 15) ദൈവവചനം എഴുതിയ അപ്പൊസ്തലന്
ഒരേ ലേഖനത്തിലെ 11: 5-ൽ പറഞ്ഞ ഒരു കാര്യത്തിൻറെ
വിപരീതമായ ഒരു കാര്യം 14 : 34 , 35 -ൽ രേഖപ്പെടുത്തില്ലെന്ന കാര്യം
നമുക്ക് വ്യക്തമാണ്.
അപ്പോൾ ഇതേ പോലെ സഹോദരിമാർ മൗനമായിരിക്കട്ടെ എന്ന്
പറയുന്ന മറ്റൊരു വാക്യം 1 തിമോത്തിയോസ് 2: 12 നമുക്ക് പരിശോധിക്കാം: “മൗനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷൻറെ മേൽ അധികാരം നടത്തുവാനോ ഞാൻ
സ്ത്രീയെ അനുവദിക്കുന്നില്ല”. ഇതിൽ നിന്ന് സ്ത്രീകൾ
മിണ്ടാതെയിരിക്കട്ടെയെന്ന് 1 കൊരിന്ത്യർ 14: 34, 35-ൽ പറയുന്നതിൻറെ അർത്ഥം, സഭയിൽ പൊതുവായി ഉപദേശപരമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിനും സഭയുടെ നേതൃത്വം നൽകുന്നതിനുമുള്ള
ശുശ്രൂഷ കർത്താവ് സഹോദരിമാരെ ഏൽപിച്ചിട്ടില്ല എന്ന വ്യക്തമാക്കുവാൻ മാത്രമാണെന്ന്
മനസ്സിലാക്കാം. ഈ വചനങ്ങൾക്ക് തൊട്ടുമുൻപുള്ള 1 കൊരിന്ത്യർ 14: 26-ൽ ഉപദേശത്തെപ്പറ്റിയാണ് (പ്രവചനത്തെപ്പറ്റിയല്ല - അതായത് ദൈവവചനത്തിൽ നിന്നും
പങ്കുവയ്ക്കുന്നതിനെപ്പറ്റിയല്ല) പ്രതിപാദിക്കുന്നത് എന്നതും ഈ വ്യാഖ്യാനത്തെ
സാധൂകരിക്കുന്നു.
വചനത്തിൽ നിന്നു പങ്കുവയ്ക്കുന്നതും
ഉപദേശിക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം എന്നു പലരും ചോദിക്കാറുണ്ട്. വചനത്തിൽ
നിന്നു പങ്കുവയ്ക്കുക എന്നത് കർത്താവ് നമ്മോട് വചനത്തിലൂടെയും പല
ജീവിതസാഹചര്യങ്ങളിലൂടെയും സംസാരിച്ച കാര്യങ്ങൾ പങ്കുവയ്ക്കുന്നതിനെ
സൂചിപ്പിക്കുന്നു. ജലസ്നാനം, പരിശുദ്ധാത്മസ്നാനം തുടങ്ങിയ, വചനത്തിലുള്ള ഉപദേശങ്ങൾ പഠിപ്പിക്കുന്നതിനെയാണ് ഉപദേശിക്കുക എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. സ്ത്രീകൾക്ക്
പുരുഷന്മാരെയല്ലെങ്കിലും, സ്ത്രീകളെയും (തീത്തോസ് 2: 3-5) കുഞ്ഞുങ്ങളെയും പഠിപ്പിക്കാം. നാം കണ്ടതുപോലെ, സഭായോഗങ്ങളിൽപ്പോലും അവർക്ക് തലയിൽ മൂടുപടം ഇട്ടുകൊണ്ട് വചനത്തിൽ നിന്നും
പങ്കുവയ്ക്കാനും സാക്ഷ്യം പറയുവാനും പ്രാർത്ഥിക്കുവാനും അനുവാദമുണ്ട്.
സ്ത്രീകളുടെ ശുശ്രൂഷയ്ക്ക് എതിരാണെന്ന് അനേകർ
ആരോപിക്കുന്ന അപ്പൊസ്‌തലനായ പൗലോസ് തൻറെ ലേഖനങ്ങളിൽ കർത്താവിൻറെ ശുശ്രൂഷയിൽ
സജീവമായിരുന്ന അനേകം സഹോദരിമാരുടെ പേരുകൾ എടുത്ത് പരാമർശിക്കുന്നുണ്ട്: ഫേബ, പ്രിസ്ക (റോമർ 16: 1- 4), ത്രുഫൈനെ, ത്രുഫോസെ, പെർസിസ് (റോമർ 16: 12), യുവൊദ്യ,
സുന്തുക (ഫിലിപ്യർ 4: 2, 3)! സഭയിലെ
സ്ഥാനം വച്ചു നോക്കുമ്പോൾ,
കർത്താവ് സഹോദരിമാർക്ക് സഭയെ നയിക്കുന്നതിനുള്ള ശുശ്രൂഷ
നല്കിയിട്ടില്ലെങ്കിലും (1 കൊരിന്ത്യർ 11: 3), കർത്താവിൻറെ മുൻപാകെയുള്ള വില, പ്രയോജനപരത, നിത്യതയിലുള്ള പ്രതിഫലം തുടങ്ങിയ
കാര്യങ്ങളിൽ ദൈവത്തിന് സ്ത്രീയെന്നോ പുരുഷനെന്നോ മുഖപക്ഷമില്ല. "അതില്‍
യെഹൂദനും യവനനും എന്നില്ല; ദാസനും
സ്വതന്ത്രനും എന്നില്ല, ആണും
പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തു യേശുവിൽ ഒന്നത്രേ” (ഗലാത്യർ 3: 28).
ഒരു വീട്ടിൽ അച്ഛനും അമ്മയും മക്കളും എല്ലാവരും
ഒന്നിച്ചു ചേരുമ്പോൾ, അച്ഛൻ പെണ്മക്കളോട് "നിങ്ങൾ
ഒന്നും ശബ്ദിച്ചുപോയേക്കരുത്" എന്ന് നിഷ്കർഷിച്ചാൽ എങ്ങനെയിരിക്കും? അതുപോലെയാണ് സഭയിൽ സഹോദരിമാർ പ്രാർത്ഥിക്കുകയോ ദൈവവചനത്തിൽ നിന്ന് പങ്കു
വയ്ക്കുകയോ അരുത് എന്ന് പറയുന്നത്. യഥാർത്ഥ സഭ ഒരു കുടുംബമാണ്. സഹോദരിമാർ തങ്ങളുടെ വിളിയും ശുശ്രൂഷയും നിറവേറ്റുന്നത് അടിച്ചമർത്താത്ത അങ്ങനെയുള്ള സഭകൾ എല്ലാ
പ്രദേശങ്ങളിലും പണിയുവാൻ കർത്താവ് നമ്മെ ഉപയോഗിക്കട്ടെ!